ഗോഹട്ടി: ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ രണ്ടാം ടെസ്റ്റ് ക്രിക്കറ്റിനു മുമ്പുതന്നെ ഇന്ത്യന്‍ കോച്ച് എന്ന നിലയില്‍ ഗൗതം ഗംഭീറിന്റെ സീറ്റിനു മുകളില്‍ ചോദ്യചിഹ്നം ഉയര്‍ന്നുകഴിഞ്ഞിരുന്നു.
കോല്‍ക്കത്തയിലെ ആദ്യ ടെസ്റ്റില്‍ ഇന്ത്യ ദയനീയമായി പരാജയപ്പെട്ടതോടെയായിരുന്നു അത്. ഗംഭീറിന്റെ ശിക്ഷണത്തിനു കീഴില്‍ 369 ദിനങ്ങള്‍ക്കിടെ രണ്ട് ഹോം ടെസ്റ്റ് പരമ്പര ഇന്ത്യ എതിരാളികള്‍ക്കു (ന്യൂസിലന്‍ഡ്, ദക്ഷിണാഫ്രിക്ക) മുന്നില്‍ പൂര്‍ണമായി അടിയറവച്ചു.
ടെസ്റ്റ് ടീം മുഖ്യപരിശീലകന്‍ എന്ന നിലയില്‍ ഗംഭീറിന്റെ ട്രാക്ക് റിക്കാര്‍ഡ് ദയനീയമാണ്. ഗംഭീറിനെ പുറത്താക്കി വി.വി.എസ്. ലക്ഷ്മണിനെ ടെസ്റ്റ് മുഖ്യപരിശീലക സ്ഥാനത്ത് എത്തിക്കണമെന്നതുള്‍പ്പെടെയുള്ള ചര്‍ച്ചകള്‍ കോല്‍ക്കത്തയിലെ പരാജയത്തിനു പിന്നാലെ ശക്തമായിരുന്നു.
ഗോഹട്ടിയിലെ നാണംകെട്ട തോല്‍വിക്കു പിന്നാലെ പരിശീലക സ്ഥാനത്തു താന്‍ തുടരണമോ വേണ്ടയോ എന്നു തീരുമാനിക്കേണ്ടത് ബിസിസിഐ ആണെന്ന തുറന്നുപറച്ചില്‍ ഗംഭീര്‍ നടത്തിയെന്നതാണ് ശ്രദ്ധേയം.
“ബിസിസിഐയാണ് എല്ലാം തീരുമാനിക്കുന്നത്. കോച്ചായശേഷം ആദ്യ പത്രസമ്മേളനത്തില്‍ത്തന്നെ ഞാനത് വ്യക്തമാക്കിയിരുന്നു. ഞാനല്ല, ഇന്ത്യന്‍ ടീമാണ് പ്രധാനം’’- ഗംഭീര്‍ പറഞ്ഞു.
ഈ തുറന്നുപറച്ചിലിനിടെ, യുവതാരങ്ങളുമായി ഇംഗ്ലണ്ടില്‍ ടെസ്റ്റ് പരമ്പര സമനിലയിലാക്കിയതും ഐസിസി ചാമ്പ്യന്‍സ് ട്രോഫി, ഏഷ്യ കപ്പ് ട്വന്റി-20 കിരീടങ്ങള്‍ നേടിയതുമെല്ലാം തന്റെ കോച്ചിംഗിന്റെ കീഴിലാണെന്ന് ഓര്‍മിപ്പിക്കാനും ഗംഭീര്‍ പ്രത്യേകം ശ്രദ്ധിച്ചു.
ഫ്ളെച്ചറിനുശേഷം ഗംഭീര്‍!
ഡങ്കന്‍ ഫ്ളെച്ചറിനുശേഷം ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ മുഖ്യപരിശീലകന്‍ എന്ന നിലയില്‍ ഏറ്റവും മോശം ട്രാക്ക് റിക്കാര്ഡിനുടമാണ് ഗൗതം ഗംഭീര്‍. 2011-2015 കാലഘട്ടത്തില്‍ ഇന്ത്യയുടെ മുഖ്യപരിശീലകനായ ഫ്ളെച്ചറിന്റെ കീഴില്‍ ഇന്ത്യ 2013 ഐസിസി ഏകദിന ചാമ്പ്യന്‍സ് ട്രോഫി നേടിയിരുന്നു. എന്നാല്‍, 39 ടെസ്റ്റ് കളിച്ചതില്‍ ജയിച്ചത് 13 എണ്ണം മാത്രം. 17 എണ്ണം പരാജയപ്പെട്ടു, ഒമ്പത് എന്ന സമനില. 33.33 ശതമാനമായിരുന്നു ഫ്ളെച്ചറിന്റെ കീഴില്‍ ഇന്ത്യയുടെ ടെസ്റ്റ് വിജയക്കണക്ക്.
ഗൗതം ഗംഭീറിന്റെ കീഴില്‍ ഇന്ത്യ ഇതുവരെ 19 ടെസ്റ്റ് കളിച്ചു. അതില്‍ 10 എണ്ണവും പരാജയപ്പെട്ടു. ജയിച്ചത് ഏഴ്, സമനില രണ്ട്. 36.82 ആണ് ഗംഭീറിന്റെ ശിക്ഷണത്തില്‍ ഇന്ത്യയുടെ വിജയശതമാനം.
അനില്‍ കുംബ്ലെയുടെ കീഴിലായിരുന്നു ഇന്ത്യയുടെ ഏറ്റവും മികച്ച ടെസ്റ്റ് വിജയശതമാനം; 70.59. കുംബ്ലെയുടെ കീഴില്‍ കളിച്ച 17 ടെസ്റ്റില്‍ 12 എണ്ണവും ജയിച്ചു. ഒരെണ്ണം മാത്രമാണ് പരാജയപ്പെട്ടത്. രാഹുല്‍ ദ്രാവിഡ് (58.33), രവി ശാസ്ത്രി (58.13), ഗാരി ക്രിസ്റ്റണ്‍ (48.49) എന്നിവരാണ് ടെസ്റ്റില്‍ മികച്ച വിജയശതമാനമുള്ള ഇന്ത്യന്‍ ടീമിന്റെ മുന്‍ പരിശീലകര്‍.